മാവേലി പറയുന്ന രാഷ്ട്രീയം; ഓണത്തിന്റെയും

മലയാളി എവിടെയാണെങ്കിലും ഓണം ആഘോഷിക്കും. ഓണത്തിന് ജാതി മത അതിർവരുമ്പുകളില്ല എന്നതാണ് ഇതിന്റെ ഏറ്റവും വലിയ ആകർഷണം. കൊയ്ത്ത് ഉത്സവമായി തുടങ്ങിയ ഓണം ഇന്ന് മലയാളികളുടെ സ്വത്വത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ്. Written by: Ahammed P

ലോകത്തെവിടെയായാലും അത്തം പിറന്നാൽ മലയാളി മെല്ലെ പാർട്ടി മോഡിലേക്ക് മാറും. തുടർച്ചയായി രണ്ടാം വർഷവും പ്രളയക്കെടുതികൾ ആഘോഷപ്പൊലിമ കുറച്ചെങ്കിലും കേരളീയർക്ക് ഓണം കൊണ്ടാടാതിരിക്കാനാവില്ല. മാവേലി മന്നനെ വരവേൽക്കാൻ വീട്ടുമുറ്റത്ത് പൂക്കളമിട്ട്, ഉഗ്രൻ സദ്യയൊരുക്കി അവർ കാത്തിരിക്കും. ഓണം മലയാളികള്‍ക്കെന്നും ഗൃഹാതുരത്വം ഉണര്‍ത്തുന്ന അനുഭൂതിയാണ്. ധര്‍മത്തില്‍ അധിഷ്ഠിതമായ, സമത്വസുന്ദരമായ ഭൂതകാലത്തിന്റെ പുനര്‍സ്മൃതി. കള്ളവും ചതിയുമില്ലാത്ത സുന്ദരമായ കാലത്തിന്റെ ഓര്‍മയാണത്. ഐതിഹ്യത്തിലുപരി അതൊരു യാഥാര്‍ഥ്യമായിരുന്നു എന്ന വിശ്വാസമാണ് മലയാളിയെ വീണ്ടും വീണ്ടും ഓണമാഘോഷിക്കാൻ പ്രേരിപ്പിക്കുന്നത്. 

 

ചരിത്രവും ഐതിഹ്യവും കെട്ടുപിണഞ്ഞ ഒരു കഥാപശ്ചാത്തലമാണ് ഓണത്തിന് പിന്നിലുള്ളത്. ‘മാവേലി നാട് വാണീടും കാലം മാനുഷ്യരെല്ലാരും ഒന്നുപോലെ’ എന്ന പാട്ടാകും ഓണമാകുമ്പോൾ ഓരോ മലയാളിയുടെയും നാവിൻതുമ്പിൽ ആദ്യം വരുക. ഐതിഹ്യങ്ങൾ അനുസരിച്ച് മഹാബലി അഥവാ മാവേലി കേരളം ഭരിച്ചിരുന്ന നീതിമാനായ ഒരു ഭരണാധികാരി ആയിരുന്നു. കള്ളവും ചതിയുമില്ലാത്ത, മനുഷ്യർ സാഹോദര്യത്തോടെ വാണിരുന്ന, സമത്വസുന്ദരമായ ഒരു കാലത്തിന്റെ പ്രതിനിധിയായിട്ടാണ്  മാവേലിയെ കേരളീയർ അവതരിപ്പിക്കുന്നത്‌. അസുരനായിരുന്നു എന്ന ഒറ്റ കാരണം കൊണ്ടുമാത്രം അദ്ദേഹത്തിന്റെ ജനപ്രീതി ദേവന്മാരെ അസൂയാലുക്കളാക്കിയത്രെ. തുടർന്ന്‌ അവർ വിഷ്‌ണുവിനെ വാമന രൂപത്തിൽ ഭൂമിയിലേക്കയക്കുകയും മാവേലിയുടെ ധാനശീലവും ത്യാഗമനോഭാവവും ചൂഷണംചെയ്‌ത്‌ പാതാളത്തിലേക്ക്‌ ചവിട്ടിത്താഴ്‌ത്തി അദ്ദേഹത്തിന്റെ നാട് സ്വന്തമാക്കുകയും ചെയ്‌തുവെന്നാണ് കഥ. ചരിത്രപരമായി ഈ കഥ വിശ്വസിക്കുക പ്രയാസമെങ്കിലും മലയാളികള്‍ക്ക് സ്വപ്നതുല്യമായ ഒരു സുന്ദരസങ്കല്പമാണിത്.

 

അസുര രാജാവായിരുന്ന മഹാബലിയെ നിഗ്രഹിക്കാൻ വാമനാവതാരം പിറവിയെുത്തതിന്റെ ഓർമയിൽ വാമന ജയന്തിയായി ചിലർ ഓണത്തെ കാണുന്നെങ്കിലും വാമനനെക്കാൾ മലയാളികൾക്ക് പ്രിയം സമ്പൽസമൃദ്ധിയുടെ കുടവയറുമായി വർഷത്തിലൊരിക്കൽ തങ്ങളെ വന്നു കാണാമെന്നേറ്റ മാവേലിയോടാണ്. നീതിമാനായ മാവേലിയെ ചതിപ്രയോഗത്തിലൂടെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയ വാമനന് മലയാളി മനസ്സിൽ വില്ലൻ വേഷമാണുള്ളത്. സവർണ മേധാവിത്തത്തോട് മുഖംതിരിക്കുന്ന ദ്രാവിഡ സംസ്ക്കാരമാവാം പൂണൂലണിഞ്ഞ വാമനനെക്കാൾ മാവേലിയെ ആഘോഷിക്കുന്നതിന് പിന്നിലെന്ന് ഓണത്തിന്റെ രാഷ്ട്രീയം ചികയുന്നവർ അനുമാനിക്കുന്നു. ചവിട്ടിത്താഴ്ത്തപ്പെട്ട ജനതയുടെ ഉയിർത്തെഴുന്നേൽപിന്റെ ആഘോഷമായി അവർ ഓണത്തെ കാണുന്നു. 

 

ഓരോ ഓണം വരുമ്പോഴും മലയാളികളുടെ സോഷ്യൽ മീഡിയ താളുകളിൽ ഓണത്തെ ചുറ്റിപ്പറ്റിയുള്ള സംവാദങ്ങളും ഉയർന്നുവരാറുണ്ട്. തിരുവോണാശംസ നേരുന്നതിന് പകരം വാമനജയന്തി ആശംസിച്ച രാഷ്ട്രീയ നേതാവിനോടുള്ള അമർഷമായിരുന്നു ഒരിക്കലത്. മഹാപ്രളയം കഴിഞ്ഞ വർഷം കേരളത്തെ വെള്ളത്തിൽ മുക്കിയപ്പോൾ പ്രളയബാധിതരുടെ കണ്ണീരൊപ്പലായി പിന്നീടത്. ഓണത്തിന്റെ മതമായിരുന്നു ഇത്തവണത്തെ സംവാദവിഷയം. ഓണാഘോഷങ്ങളിൽ നിന്ന് തന്ത്രപരമായി സ്വയം വിട്ടുനിൽക്കണമെന്ന ഒരു മതനേതാവിന്റെ വാക്കുകളാണ് വാദപ്രതിവാദങ്ങൾക്ക് വഴിമരുന്നിട്ടത്. ഹിന്ദു ഐതിഹ്യങ്ങൾ അടിസ്ഥാനമാക്കിയുള്ള ഒരു ഉത്സവം എങ്ങനെ കേരളത്തിന്രെ ദേശീയോത്സവമായി എന്നതരത്തിലേക്ക് വരെ ചർച്ചകൾ നീണ്ടു. 

 

ഐതിഹ്യങ്ങൾക്കപ്പുറം കേരളത്തിന്റെ കാർഷിക വിളവെടുപ്പ് ഉത്സവമാണത്രെ ഓണം. 1961-ല്‍ ആണ് ഓണം ദേശീയ ആഘോഷമായി അംഗീകരിക്കപ്പെടുന്നത്. കാർഷിക വിപണിയിലെ വിലത്തകർച്ച  പോലുള്ള റിസ്കെടുക്കാൻ തയ്യാറല്ലാത്ത മലയാളികൾ ആ പണി അയൽ സംസ്ഥാനങ്ങൾക്ക് കൈമാറി ഉപഭോക്തൃ സംസ്ക്കാരം സ്വീകരിച്ചതോടെ കേരളത്തിൽ വിപണികൾക്കാണ് ഇപ്പോൾ വിളവെടുപ്പ് ഉത്സവം. പ്രവാസമൂലധനം ഒഴുകിയതോടെ വിപണികൾക്ക് കേരളത്തിലും പുറത്തുമുള്ള മലയാളിയുടെ സാമൂഹ്യഭാവനയിൽ ഓണാഘോഷത്തെ കേരളീയതയുടെ ആഘോഷമായി, മലയാളിയുടെ വിജയചിഹ്നമായി അവതരിപ്പിക്കാനായി. തിരുവോണത്തിന് മുന്നോടിയായി ഷോപ്പിങ്ങിനുള്ള പരക്കംപാച്ചിലിന് ഉത്രാടപ്പാച്ചിലെന്ന പ്രയോഗം തന്നെയുണ്ട്. ഓണവിപണികളില്‍ ഇന്ന് എല്ലാം റെഡിമെയ്ഡ് ആയി ലഭ്യമാണ്. മലയാളികളെല്ലാം തിരക്കിലായതോടെ പൂക്കളം മുതൽ ഓണസദ്യ വരെ ഇന്‍സ്റ്റന്റായി മാറി.

Leave a Reply

Your email address will not be published. Required fields are marked *